ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ വരെയത്തിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ മിതാലി രാജെന്ന ക്യാപ്റ്റന്റെ സ്ഥാനം ഒരിക്കലും വിസ്മരിക്കാനാകില്ല. ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഓരോന്നായി തന്റെ പേരിലെഴുതുന്ന മിതാലിയെന്ന ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമിന് പ്രചോദനം നല്കിയതിനോടൊപ്പം വ്യക്തിഗത പ്രകടനത്തിലും മുന്നിട്ടുനിന്നു.
വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടത്തിനൊപ്പം ലോകകപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡും മിതാലി ലണ്ടനില്‍ നടന്ന ലോകകപ്പില്‍ പിന്നിട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം പുറത്തെടുത്തിട്ടും ബി.സി.സി.ഐ ഇന്ത്യന്‍ ക്യാപ്റ്റനെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിനായി മിതാലിയുടെ പേര് ബി.സി.സി.ഐ കായികമന്ത്രാലയത്തിന് അയച്ച പട്ടികയിലില്ല. ഏപ്രില്‍ 30 ആയിരുന്നു പേര് നിര്‍ദേശിക്കേണ്ട അവസാന തിയ്യതി. അതേസമയം അര്‍ജുന പുരസ്കാരത്തിനായി ചേതേശ്വര്‍ പൂജാരയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും പേര് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. കായികമന്ത്രി വിജയ് ഗോയല്‍ ഇടപെട്ടാല്‍ ലെയ്റ്റ് എന്‍ട്രി വിഭാഗത്തിലൂടെ ബി.സി.സി.ഐയ്ക്ക് മിതാലിയുടെ പേര് ഉള്‍പ്പെടുത്താന്‍ അവസരമുണ്ട്.
ഇന്ത്യയുടെ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങ്, ബോക്സിങ് താരം മനോജ് കുമാര്‍, പാരാലിമ്ബിക്സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, ദേവേന്ദ്ര ജജാരിയ, മാരിയപ്പന് തങ്കവേലു, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവര്‍ ഖേല്‍രത്ന പുരസ്കാരപ്പട്ടികയിലുണ്ട്.













