ന്യൂഡല്‍ഹി: ദുര്‍ഗ് റെയില്‍വെ സ്‌റ്റേഷനില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് മലയാളി കന്യാസ്ത്രീകളെ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീഷണിപ്പെടുത്തുന്ന സമയത്ത് ചുറ്റും പൊലീസ് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കുമെന്നാണ് ജ്യോതി ശര്‍മ പറയുന്നത്. യൂട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലെസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നത് കാണാം. കന്യാസ്ത്രീകളെയും ഒപ്പമുള്ള പെണ്‍കുട്ടിയേയും സഹോദരനേയും ഇവര്‍ ഭീഷണിപ്പെടുത്തുണ്ട്.

കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്കു പോകാനിരുന്ന 3 യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശര്‍മയുടെ ചോദ്യം. യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്നു മറുപടി പറയുന്നുണ്ട്. ‘ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?’ എന്ന് ജ്യോതി ശര്‍മ കയര്‍ത്ത് സംസാരിക്കുന്നത് കേള്‍ക്കാം. ഫുഡ് ഉണ്ടാക്കാനായി ആഗ്രയില്‍ ആരെയും കിട്ടിയില്ലേ? എന്നും ചോദിക്കുന്നുണ്ട്.













