മാധ്യമവിലക്കിനെതിരെ ഹൈക്കോടതിയിലേക്ക് ഉജ്വല മാര്‍ച്ച്


മാധ്യമവിലക്കിനെതിരെ 19 ട്രേഡ്യൂണിയനുകളും കേരള പത്രപ്രവര്‍ത്തക യൂണിയനും ചേര്‍ന്ന് ഉജ്വല മാര്‍ച്ച് നടത്തി. എറണാകുളം മറൈന്‍ഡ്രൈവില്‍ താജ് ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും അണിചേര്‍ന്നു. ഐജി ഓഫീസിനു സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ എത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു.


രാഷ്ട്രപതിയും ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അഞ്ചുമാസമായി കോടതികളിലെ മാധ്യമവിലക്കിന് പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ന്യായാധിപന്മാരുടെ മൌനത്തിന് അതില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. മാധ്യമങ്ങള്‍ക്ക് കോടതിയില്‍ കയറാനാവില്ലെന്നുവരുന്നത് രാജ്യത്തിനാകെ നാണക്കേടാണ്. അഭിപ്രായങ്ങളെ മാനിക്കാത്ത അഭിഭാഷകരെ നിലയ്ക്കുനിര്‍ത്താന്‍ ന്യായാധിപര്‍ തയ്യാറാകണം. നീതിന്യായസംവിധാനം രാജ്യത്തിന്റെ പൊതുസ്വത്താണ്. അത് നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി യോഗത്തില്‍ അധ്യക്ഷനായി.


എസ് ശര്‍മ എംഎല്‍എ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപി, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, എസ്ടിയു ദേശീയ സെക്രട്ടറി ടി രഘുനാഥ് പനവേലി, ടിയുസിസി സംസ്ഥാന സെക്രട്ടറി കളത്തില്‍ വിജയന്‍, വി ബി ഭട്ട് (എന്‍എല്‍ഒ), അജ്മല്‍ ശ്രീകണ്ഠപുരം (ഐഎന്‍എല്‍സി), അനില്‍ കാഞ്ഞിലി (കോണ്‍ഗ്രസ് എസ്), പി എം ദിനേശന്‍ (എഐടിയുസി), മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ മാത്യു, ചാള്‍സ് ജോര്‍ജ് (യുടിയുസി), സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍, എന്‍എല്‍സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍, എന്‍എസ്ടിയു ജില്ലാ പ്രസിഡന്റ് കെ എം സാദത്ത്, സാല്‍വി കെ ജോണ്‍, ടി സി സുബ്രഹ്മണ്യം, നാസര്‍ പാറപ്പുറം, എറണാകുളം പ്രസ്ക്ളബ് പ്രസിഡന്റ് കെ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.



Sharing is Caring