വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ അഞ്ച് അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അടക്കം അഞ്ച് അഭിഭാഷകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോടതി റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ചില അഭിഭാഷകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയിലാണ്നടപടി. അറസ്റ്റിലായ അഭിഭാഷകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

കോടതി നടപടികള്‍ നടക്കുന്നതിനിടെ ഒരു സംഘം അഭിഭാഷകര്‍ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും കോടതിയില്‍ നിന്ന് പുറത്താക്കുകയും ആയിരുന്നു. ജഡ്ജിയുടെ കണ്‍മുന്നിലായിരുന്നു അഭിഭാഷകരുടെ അക്രമം. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടി വി ചാനലുകളുടെ തല്‍സമയ സംപ്രേഷണ വാഹനങ്ങള്‍ക്ക് നേരെ അഭിഭാഷകര്‍ കല്ലേറ് നടത്തുകയും ചെയ്തു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു.













