മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയുന്നില്ല. ഒരുപറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോള്‍ ഹൈക്കോടതിതന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്‍പ്പത്തിനുതന്നെ വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് ഇക്കാര്യ ത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു.














