മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍


തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രം നല്‍കേണ്ടതില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കി.


അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും പരിഗണിച്ചാണു കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്. വേഗത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശനു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത ദിവസം തന്നെ എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേയുള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. വിജിലന്‍സ് കേസില്‍ അറ്റോര്‍ണി ജനറലിന്റെ മറുപടി തേടിയ സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്.

ജൂണ്‍ 10, 15, 22 എന്നീ മൂന്നു തീയതികളില്‍ ഇവര്‍ക്കു കത്ത് അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയാണു കുറ്റപത്രം വേണ്ടെന്ന നിഗമനത്തില്‍ ഡയറക്ടറെത്തിയത്.

സത്യം എല്ലായ്‌പ്പോഴും ജയിക്കുമെന്ന് മാണി പറഞ്ഞു. ബാര്‍ കോഴ കേസില്‍ കുറ്റം ചെയ്യാത്തതിനാല്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണം തിരക്കഥ പോലെ ആയിരുന്നു. കൃത്രിമ തെളിവുകളും വ്യാജരേഖകളും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കും. അതുവരെ കാത്തിരിക്കൂ എന്നും മാണി പറഞ്ഞു.



Sharing is Caring