മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, ഇന്ന് ബിജെപി എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം നടക്കും.യോഗത്തില്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനെ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. അടുത്ത സര്‍ക്കാരിനെ ദേവേന്ദ്ര ഫട്നവിസ് നയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി മുന്‍പേ തന്നെ തീരുമാനമേടുത്തതായാണ് റിപ്പോര്‍ട്ട്. നിയമസഭംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 105 അംഗങ്ങളും ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
കൂടാതെ, നിയമസഭാ അംഗങ്ങളുടെ യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ അവിനാശ് റായ് ഖന്ന എന്നിവരും പങ്കെടുക്കും.മുഖ്യമന്ത്രി പദവി പങ്കിടല്‍ സംബന്ധിച്ച് ബിജെപിയു ശിവസേനയും തമ്മില്‍ തര്‍ക്കം അതിരുകടന്ന അവസരത്തില്‍ ബിജെപി നിയമസഭംഗങ്ങളുടെ യോഗം വളരെ നിര്‍ണ്ണായകമാണ്.
പുതിയ നിയമസഭയില്‍ യഥാക്രമം 105, 56 സീറ്റുകളുള്ള ബിജെപിയും സേനയും മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസ൦ മുറുകുകയാണ്. ബിജെപി പറഞ്ഞ വാക്കു പാലിക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചു നില്‍ക്കുകയാണ്. 50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ശിവസേന. കൂടാതെ, വോട്ടെടുപ്പിന് മുമ്ബുള്ള സഖ്യത്തെ ഗൗരവമായി കാണരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു ശിവസേന.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ കൈക്കൊണ്ട തീരുമാനമനുസരിച്ച് മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവയ്ക്കണം. എന്നാല്‍ തങ്ങളുടെ ഈ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് ഇതുവരെ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.
ഒരു തരത്തില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കം ബിജെപിയും ശിവസേനയും തമ്മില്‍ തുറന്ന പോരിലേക്കു നീങ്ങുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദ൦ സംബന്ധിച്ച വിഷയത്തില്‍ തീരുമാനം അറിയിക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്നും ശിവസേന ഇതിനോടകം വ്യക്തമാക്കി.
അതേസമയം, അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി താനായിരിക്കുമെന്ന് ദേവേന്ദ്ര ഫട്നവിസ് പ്രസ്താവിച്ചിരുന്നു. കൂടാതെ, ശിവസേന ഇപ്പോള്‍ ആവശ്യപ്പെടുന്ന 50:50 ഫോര്‍മുല ബിജെപി ഒരിക്കലും പരാമര്‍ശിച്ചിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റ് നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍, ശിവസേനയാകട്ടെ അത്യാവശ്യം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. കൂടാതെ, ശിവസേന ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നല്കിയ “വരം” കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുകയാണ്. ഇതോടെ, ശിവസേനയ്ക്ക് നല്കിയ “വരം” ബിജെപിയുടെ കഴുത്തിലെ ‘കുരുക്കായി’ മാറിയിരിയ്ക്കുകയാണ്.
288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍സിപി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.













