മഹാരാഷ്ട്രയില്‍ ഡാം തകര്‍ച്ചക്ക് കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്


മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടില്‍ പൊട്ടലുണ്ടാക്കിയതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍.രത്‌നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഡാം തകര്‍ന്ന് 14 പേര്‍ മരിച്ചിരുന്നു.


നേരത്തെ ഇവിടെ ചോര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സാവന്ത് പറഞ്ഞു.
നിര്‍മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമീപവാസികളില്‍ നിന്ന് തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനിടെ അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 ഓളം വീടുകളാണ് അപകടത്തില്‍ ഒലിച്ചു പോയത്.




Sharing is Caring