കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ പഠിപ്പുമുടക്കുന്നു. സ്കൂളുകളിലും കോളജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു.
ഇടുക്കി വട്ടവട സ്വദേശി അഭിമന്യു(20) വാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12മണിയോടെ കുത്തേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി അര്ജുന് (19) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണ്. കുത്തേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിമന്യുവിന്റെ ജീവന് രക്ഷിക്കാനായില്ല. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമാണ് കൊല്ലപ്പെട്ട അഭിമന്യു. ഞായറാഴ്ച വൈകിട്ട് കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്.

കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്ഐയും മത്സരിച്ചാണ് എഴുതുന്നത്. ഒടുക്കം ആദ്യം എഴുതിയവരുടേതിനു മേലേ അടുത്ത കൂട്ടര് എഴുതിത്തുടങ്ങി. ക്യാംപസ് ഫ്രണ്ട് എന്നെഴുതിയതു മായ്ക്കാതെ മുകളില്‍ വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. അതിനിടെ തിങ്കളാഴ്ച തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയാറാക്കിയ ബോര്‍ഡുകള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയെന്ന് എസ്എഫ്ഐയും ആരോപിക്കുന്നു. സ്ഥലത്തു വച്ചു കുത്തേറ്റ അഭിമന്യൂ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തുമ്ബോഴേക്കു മരിച്ചിരുന്നു.
സംഭവത്തില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അതിനിടെ പോലീസ് കസ്റ്റഡിയിലുള്ളവര്‍ കോളജിലെ വിദ്യാര്‍ഥികളല്ല എസ്ഡിപിഐക്കാരാണെന്നു പോലീസ് അറിയിച്ചു. മറ്റു പതിനഞ്ചോളം പേര് കൂടി സംഘത്തില്‍ ഉണ്ടെന്നാണു മൊഴി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയിലുടനീളം പോലീസ് രാത്രി വാഹന പരിശോധന നടത്തി.













