ജനുവരിയിലെ മഹാ കുംഭമേളയോടനുബന്ധിച്ച് റെയില്‍വേ 3,000 പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. അതില്‍ 560 ട്രെയിനുകള്‍ റിങ് റെയിലില്‍ സർവീസ് നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.പ്രയാഗ്‌രാജ് ജംക്‌ഷൻ, സുബേദർഗഞ്ച്, നൈനി, പ്രയാഗ്‌രാജ് ചിയോകി, പ്രയാഗ് ജംക്‌ഷൻ, ഫാഫമൗ, പ്രയാഗ്‌രാജ് രാംബാഗ്, പ്രയാഗ്‌രാജ് സംഗം, ജുൻസി എന്നിങ്ങനെ ഒൻപത് റെയില്‍വേ സ്‌റ്റേഷനുകളിലായി ആകെ 560 ടിക്കറ്റിങ് പോയിൻ്റുകള്‍ ലഭ്യമാക്കിയതായി നോർത്ത് സെൻട്രല്‍ റെയില്‍വേ ജനറല്‍ മാനേജർ ഉപേന്ദ്ര ചന്ദ്ര ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിദിനം 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ഈ കൗണ്ടറുകളില്‍ നിന്ന് വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം അറിയിച്ചു. മഹാ കുംഭമേള കണക്കിലെടുത്ത് 15 ദിവസം മുമ്ബ് റെയില്‍വേ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം റെയില്‍വേ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ 3000 സ്പെഷല്‍ ട്രെയിനുകളില്‍ 1800 ട്രെയിനുകള്‍ ഹ്രസ്വദൂരത്തിനും 700 ട്രെയിനുകള്‍ ദീർഘദൂരത്തിനും 560 ട്രെയിനുകള്‍ റിങ് റെയിലിനുമാണ് ഓടിക്കുക.2025ലെ മഹാകുംഭമേളയുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സംസ്ഥാന റെയില്‍വേ പോലീസിന്റെയും 18,000-ത്തിലധികം ഉദ്യോഗസ്ഥരെ ഇന്ത്യൻ റെയില്‍വേയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഡ്യൂട്ടിക്കായി പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഈ സമയത്ത് പ്രയാഗ്‌രാജ് ജംക്‌ഷനില്‍ സിറ്റി ഭാഗത്ത് നിന്ന് പ്രവേശിക്കുന്നതിനും സിവില്‍ ലൈൻ ഭാഗത്ത് നിന്ന് പുറത്തുകടക്കുന്നതിനും സംവിധാനമുണ്ടാകും. പ്രയാഗ്‌രാജ് ജംക്‌ഷനില്‍ ആറു കിടക്കകളുള്ള നിരീക്ഷണ മുറിയും ഓക്‌സിജൻ സിലിണ്ടറുകള്‍, കോണ്‍സെൻട്രേറ്ററുകള്‍, ഇസിജി മെഷീനുകള്‍, ഗ്ലൂക്കോമീറ്റർ, നെബുലൈസറുകള്‍, സ്‌ട്രെച്ചറുകള്‍ തുടങ്ങി എല്ലാത്തരം ഉപകരണങ്ങളും യാത്രക്കാർക്ക് വൈദ്യസഹായം നല്‍കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ജനറല്‍ മാനേജർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്‌ക്കായി സിസിടിവി കണ്‍ട്രോള്‍ റൂമുകളില്‍ തത്സമയ ദൃശ്യങ്ങള്‍ സഹിതം 1,186 സിസിടിവി ക്യാമറകള്‍ പ്രവർത്തിക്കുമെന്നും ജോഷി പറഞ്ഞു. ഇതില്‍ 116 ക്യാമറകളില്‍ സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ എഐ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













