മസൂദ് അസറിനെതിരായ വിലക്ക്; ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് വീണ്ടും ചൈനയുടെ സഹായം


ഇന്ത്യയ്‌ക്കെതിരേ പാകിസ്താനെ സഹായിച്ച് വീണ്ടും ചൈനയുടെ പ്രഹരം. ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരേ വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശത്തെയാണ് ചൈന എതിര്‍ത്തത്. യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ മൂന്നു രാജ്യങ്ങള്‍ പിന്തുണ അറിയിച്ചപ്പോഴാണ് ചൈനയുടെ മറുനീക്കം. ഇതു രണ്ടാമത്തെ തവണയാണ് ഇതേ കാര്യത്തില്‍ ഇന്ത്യയെ എതിര്‍ത്തുകൊണ്ട് ചൈന വീറ്റോ ചെയ്യുന്നത്.


ഏഴു സൈനികരുടെ മരണത്തിനിടയാക്കിയ പത്താന്‍കോട്ട് ആക്രമണത്തിലടക്കം അസ്ഹറിന്റെ പങ്ക് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ നടപടി ആവശ്യപ്പെടുന്നത്. മസൂദ് അസറിനെ കരിമ്പട്ടികയില്‍ പെടുത്തുക, സ്വത്തുക്കള്‍ കണ്ടുകെട്ടുക, ലോകത്താകമാനം യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. ഈ ആവശ്യം വീറ്റോ ചെയ്യാന്‍ ചൈനയ്ക്ക് പാകിസ്താന്റെ സമ്മര്‍ദമുണ്ടായെന്നാണ് സൂചന.


ജയ്‌ഷേ മുഹമ്മദ് എന്ന സംഘടനയെ 15 അംഗ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ തന്നെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും മസൂദ് അസര്‍ അതില്‍പ്പെട്ടിട്ടില്ല.

അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഇംഗ്ലണ്ടും ഫ്രാന്‍സും പിന്‍താങ്ങി. നിര്‍ദേശത്തില്‍ എന്തു തീരുമാനമെടുക്കണമെന്നു രക്ഷാസമിതി അംഗങ്ങള്‍ക്കു വ്യക്തമാക്കാനുള്ള 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണു ചൈന ഇടപെട്ടത്.



Sharing is Caring