‘മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതരുത്’; ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുമെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍


പിടി ഉഷക്കെതിരെ കേരള അത്‌ലറ്റിക് ഫെഡറേഷന്‍. സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ലെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍. സര്‍ക്കാരിന്റ നിരീക്ഷക എന്ന നിലയിലുളള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല.
മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. ലോക ചാംമ്പ്യന്‍ഷിപ്പിനുളള 24 അംഗ ടീമില്‍ പേരില്‍ 11 പേരും ഇന്റര്‍‌സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും അസോസിയേഷന്‍ സെക്രട്ടറി പിഐ ബാബു പറഞ്ഞു. സെലക്ഷന്‍ ലഭിച്ച ഉഷയുടെ ശിഷ്യയും ഇന്റര്‍സ്‌റ്റേറ്റ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. പിയു ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ബോധ്യപ്പെടുത്താന്‍ അത്‌ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു.
നേരത്തെ ലോക അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്പില്‍ നിന്നും പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയെ കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ രംഗത്തെത്തിയിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള താരങ്ങളെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലായിരുന്നുവെന്നായിരുന്നു പിടി ഉഷയുടെ വാദം.




Sharing is Caring