മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി


തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍ന്നുള്ള നടപടികള്‍ എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ബാറുകള്‍ തുറക്കില്ല. കേന്ദ്ര നിര്‍ദ്ദേശത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യമില്ലെന്നും, ബാറുകളില്‍ പാഴ്സല്‍ അനുവദിക്കുന്ന കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന അനുവദിക്കുന്നതിനായി അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മെയ്‌ മൂന്നിന്‌ ലോക്ക്‌ഡൗണ്‍ അവസാനിക്കുന്നതോടെ മദ്യഷാപ്പുകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും ബാറുകള്‍ അടച്ചിടണമെന്നാണ്‌ മാര്‍ഗ നിര്‍ദേശം.


സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ്‌ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. എന്നാല്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ മദ്യശാലകളുടെ പരിസരത്ത്‌ കൂട്ടം കൂടരുത്‌ എന്നതുള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും മാസ്‌ക്‌ നിര്‍ബന്ധമാണ്‌. ആറടി അകലം പാലിച്ച്‌ വേണം ക്യൂ. ഈ നിബന്ധനകള്‍ പാലിക്കുക സംസ്ഥാനങ്ങള്‍ക്ക്‌ ശ്രമകരമായിരിക്കും. പൊതു സ്ഥലങ്ങളില്‍ മദ്യം, പുകയില, പാന്‍മസാല എന്നിവക്കുള്ള വിലക്ക്‌ തുടരും. സിഗററ്റ്‌, പാന്‍മസാല എന്നിവ വില്‍ക്കുന്ന കടകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്‌.




Sharing is Caring