പാക്കിസ്ഥാന്റെ പിന്തുണയോടെ ഉറിയില്‍ സൈനിക ആസ്ഥാനം ആക്രമിച്ച സംഭവത്തില്‍ തിരിച്ചടിക്കാന്‍ കരസേന. പാക് അധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളുടെയും ഭീകരരുടെ ഒളിസങ്കേതങ്ങളുടേയും വിവരങ്ങള്‍ ഇന്നലെ കരസേന കേന്ദ്രപ്രതിരോധമന്ത്രിക്ക് കൈമാറി. മ്യാന്മര്‍ മാതൃകയില്‍ കമാന്‍ഡോ ഓപ്പറേഷനുള്ള സാധ്യതകളും കരസേന പ്രതിരോധമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
ഇക്കാര്യത്തില്‍ ഉന്നത രാഷ്ട്രീയ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പത്താന്‍കോട്ട് ആക്രമണ സമയത്തും സമാന പദ്ധതി സമര്‍പ്പിച്ചെങ്കിലും നിയമപരമായ നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.

ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകം കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറും ശ്രീനഗറിലെ സൈനികാസ്ഥാനത്തെത്തി. സൈനിക ക്യാമ്പില്‍ പ്രവേശിച്ച് ആക്രമണം നടത്തിയ ഭീകരരെ നേരിടുന്നതിനായി സ്വീകരിച്ച നടപടികള്‍ ഉന്നത സൈനിക മേധാവികള്‍ പ്രതിരോധമന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനികാശുപത്രിയില്‍ പരീഖര്‍ സന്ദര്‍ശിച്ചു.













