ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി.തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റില്‍ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്.പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്.
ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടല്‍ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.അയത്തൊള്ള അലി ഖമനയ്യുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്നു ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേല്‍- പലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇറാനിലെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടുവെന്ന് ഹമീദി വെളിപ്പെടുത്തുന്നു.

40,000ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഹമീദി അവകാശപ്പെടുന്നത്. “ഇവിടെ ജനിച്ചതില്‍ എനിക്കു ചിരി വരുന്നു, ഭാവിയില്ലാത്ത ഒരിടം. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല…’ എന്നിങ്ങനെ തന്റെ നിരാശയും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂർണമായും ഒറ്റപ്പെട്ടുപോയ ഒരവസ്ഥയിലാണ് ഇറാനിലെ ജനങ്ങളെന്നും അവർ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഹമീദി വീഡിയോ അവസാനിപ്പിക്കുന്നത്.













