‘ഭയന്നോടില്ല, മരിക്കാന്‍ തയ്യാര്‍’


ഹിന്ദുത്വശക്തികളുടെ വെല്ലുവിളിയില്‍ ഭയന്നോടില്ലെന്ന് കമല്‍ഹാസന്‍. നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചതിന്റെ പേരില്‍ മാപ്പുപറയില്ല. തന്നെ കൊന്നാല്‍ എല്ലാം അവസാനിക്കുമെങ്കില്‍ മരിക്കാന്‍ തയാറാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.


ഹിന്ദുമഹാസഭയുടെ കൊലവിളി വകവയ്ക്കാതെ കമല്‍ഹാസന്‍ ശനിയാഴ്ച തമിഴ്നാട്ടിലെ പൊതുപരിപാടികളില്‍ പങ്കെടുത്തു. തമിഴ്നാട് കര്‍ഷകസംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ നിലനില്‍പ്പിന് സിനിമകളേക്കാള്‍ പ്രാധാന്യം കൃഷിക്കാണ്. ഗുരുതര പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കണം. തടാകങ്ങളും നദികളും വൃത്തിയാക്കാന്‍ യുവജനസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ചെന്നൈ നിവാസികളെ സഹായിക്കാന്‍ രാപ്പകലില്ലാതെ സേവനസന്നദ്ധരായ പൊലീസ് സേനയെ അഭിനന്ദിച്ച് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. സര്‍ക്കാര്‍ സഹായത്തിനുവേണ്ടി കാത്തിരിക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഫാന്‍സ് അസോസിയേഷനുകളോടും ആരാധകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

തന്റെ ജന്മദിനമായ നവംബര്‍ ഏഴിന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.



Sharing is Caring