റിസോര്‍ട്ടിനായി നിലം നികത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പാര്‍ട്ടിയില്‍ ഒരുവിഭാഗം മന്ത്രി തോമസ് ചാണ്ടിക്കെതിരായി. ഇതോടെ നാളെ ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. തോമസ് ചാണ്ടിക്കെതിരേ നടപടിയാവശ്യപ്പെട്ട് സി.പി.ഐയും രംഗത്തുണ്ട്.
വിജിലന്‍സ് അന്വേഷണം കഴിയുന്നതുവരെയെങ്കിലും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തുന്നതാണു സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു നല്ലതെന്നു സി.പി.എമ്മില്‍ ഒരുവിഭാഗം പറയുന്നു. സെക്രട്ടേറിയറ്റ് തീരുമാനം തോമസ് ചാണ്ടിക്കെതിരാണെങ്കില് ഇടതുമുന്നണി യോഗം ചേര്‍ന്ന് അദ്ദേഹത്തിനെതിരേ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും.

ഔപചാരികമായി, എല്‍.ഡി.എഫ്. ജനജാഗ്രതായാത്ര വിലയിരുത്താനാണു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. എന്നാല്‍, തോമസ് ചാണ്ടിക്കെതിരേ സി.പി.ഐ. നടപടിയാവശ്യപ്പെടുകയും വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു തുടങ്ങിയവര്‍ക്കെതിരേ വിജിലന്‍സ് ത്വരിതാന്വേഷണമുണ്ടായിട്ടും ആരും രാജിവച്ചിരുന്നില്ല. അതിനാല്‍, അന്വേഷണ ഉത്തരവിന്റെ പേരില്‍ തോമസ് ചാണ്ടിയും രാജിവയ്ക്കേണ്ടതില്ലെന്നു സി.പി.എമ്മില്‍ മറ്റൊരു വിഭാഗം വാദിക്കുന്നു. തോമസ് ചാണ്ടി വിഷയം ഇടതുമുന്നണിയോഗം വിളിച്ച് ചര്‍ച്ചചെയ്യണമെന്നാണു സി.പി.ഐയുടെ ആവശ്യം. കണ്‍വീനര്‍ വൈക്കം വിശ്വന് വിശ്രമത്തിലായതിനാല്‍ 10-നു ശേഷമേ മുന്നണിയോഗംനടക്കാന് സാധ്യതയുള്ളൂ.












