ചത്തീസ്ഗഢ് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഗാസിയാബാദിലെ വീട്ടില്‍ നിന്നാണ് വര്‍മയെ അറസ്റ്റ് ചെയ്തത്.
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത് വരുകയായിരുന്നു. അമര്‍ ഉജ്വല, ബി.ബി.സി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം എഡിറ്റേഴ്‌സ് ഗില്‍റ്റ് ഓഫ് ഇന്ത്യയില്‍ അംഗം കൂടിയാണ്.

ചത്തീസ്ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. വര്‍മയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 500ഓളം സിഡികളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
മന്ത്രിയുടെ സഹായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
വിനോദ് വര്‍മ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.













