ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ലൈംഗിക അതിക്രമം


ബെംഗളൂരുവില്‍ യുവതിക്കുനേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സമാനമായ സംഭവം രാജ്യതലസ്ഥാനത്തും. പുതുവത്സര ദിനത്തില്‍ ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍വച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.


സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്തു. ഏതാനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.


പോലീസ് വാഹനം അടക്കമുള്ളവ അക്രമികള്‍ കേടുവരുത്തി. പ്രദേശത്തെ പോലീസ് എയ്ഡ് പോസ്റ്റിന് തീവച്ചു.

സ്ത്രീയടക്കം രണ്ടുപേരാണ് സ്കൂട്ടറില്‍ എത്തിയതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. 200 ഓളം പേര്‍ ഉള്‍പ്പെട്ട സംഘം സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് യുവതിയെ അക്രമികളില്‍നിന്ന് രക്ഷപെടുത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു.



Sharing is Caring