ബിജെപിക്ക് പരാജയ ഭീതിയെന്നു അഹമ്മദ്‌ പട്ടേൽ


ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് തനിക്കെതിരെ ബിജെപി ഭീകര ബന്ധം ആരോപിക്കാൻ കാരണമെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് അഹമ്മദ്‌ പട്ടേൽ. ഗുജറാത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡിനെ ബഹുമാനിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നു. എന്നാൽ തനിക്കെതിരെ ബിജെപി ഇപ്പോൾ ഉന്നയിച്ച ആരോപണം രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ടാണെന്നും അഹമ്മദ്‌ പട്ടേൽ വ്യക്തമാക്കി.


നേരത്തെ അഹമ്മദ്‌ പട്ടേലിന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു . ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇസ്ലാമിക്‌ സ്റ്റേറ്റുമായി അഹമ്മദ്‌ പട്ടേലിന് ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.


ഗുജറാത്തിൽ അടുത്തിടെ പിടിയിലായ ഭീകര സംഘടനാ പ്രവർത്തകൻ അഹമ്മദ്‌ പട്ടേലിന്റെ ആശുപത്രിയിലെ ജീവനക്കാരൻ ആയിരുന്നുവെന്നാണ് ബിജെപിയുടെ വാദം. ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും വിജയ് രൂപാനി ആരോപിക്കുന്നു. അഹമ്മദ്‌ പട്ടേൽ എം പി സ്ഥാനം രാജി വെക്കണമെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രൂപാണിയുടെ ആരോപണങ്ങളെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തി.



Sharing is Caring