ചണ്ഡീഗഡിലെ റോഡില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനും ഉപദ്രവിച്ചതിനും ഹരിയാന ബിജെപി അധ്യക്ഷന്റെ മകനും സുഹൃത്തിനുമെതിരെ കേസ്. ഹരിയാന ബിജെപി പ്രസിഡന്റ് സുഭാഷ് ബാരാലയുടെ മകന്‍ വികാസ് ബാരാല, സുഹൃത്തായ ആശിഷ് കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാത്രി ഇരുവരും തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത് സംഭവസമയത്ത് ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊലീസെത്തിയാണ് യുവതിയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്, സംഭവം നടന്നതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളായ യുവതി സെക്ടര്‍ 26 പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെയോടെ പിടിക്കൂടിയ അക്രമികളെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദുരനുഭവം വ്യക്തമാക്കി യുവതി ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചണ്ഡീഗഡ് പൊലീസിന് നന്ദി അറിയിച്ചു കൊണ്ടാണ് യുവതിയുടെ കുറിപ്പ് ആരംഭിക്കുന്നതും. പരിഭ്രാന്തയായ തന്റെ ഫോണ്‍ കോളിനോട് കൃത്യ സമയത്ത് പ്രതികരിച്ച് പൊലീസ് തന്റെ സഹായത്തിനെത്തി എന്ന് കുറിപ്പില്‍ പറയുന്നു.

യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്-
കഴിഞ്ഞ ദിവസം രാത്രി 12.15 മണിയോടെ ഞാന്‍ സെക്ടര്‍ 8 മാര്‍ക്കറ്റ് റോഡില്‍ നിന്നും സെക്ടര്‍ 7 റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്രോള്‍ പമ്പായിരുന്നു എന്റെ ലക്ഷ്യം. ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് കൊണ്ടായിരുന്നു ഞാന് വണ്ടിയോടിച്ചിരുന്നത്. തൊട്ടുപിന്നാലെ ഒരു വെള്ള എസ്.യു.വി കാര്‍ എന്നെ പിന്തുടരുന്നതായി ഞാന്‍ മനസിലാക്കി. എന്റെ കാറിനൊപ്പം വിടാതെ അതിവേഗത്തിലായിരുന്നു ആ കാറും. ആ കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേരും അര്‍ദ്ധരാത്രി റോഡില്‍ വെച്ച് ഒരു യുവതിയെ ഉപദ്രവിക്കുന്നതില്‍ രസിക്കുന്നത് പോലെ തോന്നി. അപകടം തിരിച്ചറിഞ്ഞ ഞാന്‍ കുറച്ച് കൂടി ആള്‍ക്കാരുള്ള മേഖലയിലേക്ക് വണ്ടി തിരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇരു ഭാഗത്തേക്കും വണ്ടി തിരിക്കാന്‍ അനുവദിക്കാതെ അവര്‍ എന്റെ കാറിന് കുറുകെ അവരുടെ കാര്‍ കൊണ്ടുവന്നിട്ടു. വെള്ള കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നതോടെ ഞാന്‍ കാര്‍ പുറകോട്ട് എടുത്ത്, വേഗത്തില്‍ മുന്നോട്ട് പോയി.
ഈ സമയം കൊണ്ട് ഞാന്‍ 100ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു. കൃത്യ സ്ഥലും വിവരങ്ങളും ഞാന്‍ അവരെ അറിയിച്ചു. എന്നോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായി കാര്യങ്ങള്‍ ചോദിച്ച് അറിയുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.പിന്നീട് ഒരു 15 സെക്കന്റ് നേരത്തേക്ക് ഞാന്‍ അവരുടെ കാര്‍ കണ്ടില്ല. ഞാന്‍ ഫോണ്‍ ചെയ്യുന്നത് കണ്ട് അവര്‍ മാറി പോയിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പെട്ടെന്ന് തന്നെ കാര്‍ പിന്നെയും പ്രത്യക്ഷപ്പെട്ട് എന്റെ കാറിനൊപ്പെം നീങ്ങാന്‍ തുടങ്ങി. 6 കിലോ മീറ്ററോളം ഇങ്ങനെ അവര്‍ എന്നെ പിന്തുടര്‍ന്നു. കാര്‍ വെട്ടിക്കാന്‍ ഇടമില്ലാതെ അവര്‍ കുറുകെ കാര്‍ കൊണ്ട് വന്നിട്ടതോടെ എനിക്ക് വേറെ നിവൃത്തിയില്ലാതെയായി.
ആ കാറില്‍ നിന്നും രണ്ട് ചെറുപ്പക്കാര്‍ ഇറങ്ങി വന്ന് എന്റെ കാറിന്റെ ഡോര്‍ പിടിച്ച് വലിച്ച് തുറക്കാന്‍ ശ്രമിച്ചു. ആരെങ്കിലും സഹായത്തിനെത്തുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ ഹോണടിച്ച് കൊണ്ടേയിരുന്നു. അടുത്ത നിമിഷം പൊലീസ് വാഹനം എന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരെയും പൊലീസ് പിന്തുടര്‍ന്ന് പിടിക്കൂടി. പിതാവുമായെത്തി ഞാന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി.













