ബി.ജെ.പിയെ എതിര്‍ക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് മമത


ബി.ജെ.പിക്കെതിരെ ശക്തമായ നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബി.ജെ.പിയെ പുറന്തള്ളാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മഹാസഖ്യം ശക്തിപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കുന്ന ആരെയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും മമത പ്രഖ്യാപിച്ചു. ‘ബി.ജെ.പിയെ ഇന്ത്യയില്‍ നിന്ന് പുറന്തള്ളൂ’ എന്ന ആഹ്വാനവുമായി ഓഗസ്റ്റ് ഏഴു മുതല്‍ കാമ്പയിന്‍ നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു.


”ബംഗാള്‍ സോണിയാജിക്കൊപ്പമാണ് (കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി). ഞങ്ങള്‍ നിതീഷ്ജി (ബിഹാര്‍ മുഖ്യമന്ത്രി) ക്കും അരവിന്ദിനും (കെജ്‌രിവാള്‍), ലാലുജി (ലാലു പ്രസാദ്), നവീണ്‍ജി (നവീന്‍ പട്‌നായിക്ക്) ക്കും ഒപ്പമാണ്. ബി.ജെ.പിയെ എതിര്‍ക്കുന്ന ആരെയും ഞങ്ങള്‍ പിന്തുണയ്ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഹാസഖ്യം രൂപീകരിക്കും. വല്യേട്ടന്‍ (ബി.ജെ.പി) അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അധികാരത്തില്‍ നിന്ന് പുറത്താവും”
-കൊല്‍ക്കത്തയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ മമത പറഞ്ഞു


2019 തെരഞ്ഞെടുപ്പ് തങ്ങളുടെ പോക്കറ്റിലാണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അതു തെറ്റായ ചിന്തയാണ്. ആ പോക്കറ്റില്‍ വലിയൊരു ഓട്ടയുണ്ട്. മോദിക്ക് വെറും 30 ശതമാനം വോട്ടു മാത്രമേ ലഭിക്കൂ. ബി.ജെ.പിയെ പുറത്താക്കാന്‍ ഞങ്ങള്‍ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞുവെന്നും മമത പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതും അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കൂടുതല്‍ പാര്‍ട്ടികള്‍ പിന്തുണ നല്‍കി. ഇതു തുടര്‍ന്നു കൊണ്ടുപോവുമെന്നും അവര്‍ പറഞ്ഞു.

1993 ല്‍ പൊലിസ് വെടിവയ്പ്പില്‍ 13 യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ പരിപാടിയിലാണ് മമത നിലപാട് വ്യക്തമാക്കിയത്.



Sharing is Caring