ബി ജെ പി എം എല്‍ എയുടെ നാക്കരിഞ്ഞാല്‍ 5 ലക്ഷം; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്


ബി ജെ പി എം എല്‍ എയുടെ നാക്കരിഞ്ഞാല്‍ അഞ്ചു ലക്ഷം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുതരാന്‍ സഹായിക്കുമെന്നു പറഞ്ഞു കുരുക്കിലായ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കദമിന്റെ നാക്കരിയുന്നവര്‍ക്കാണ് മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സുബോധ് സേവ്ജി അഞ്ചുലക്ഷം വാഗ്ദാനം ചെയ്തത്.


വ്യാഴാഴ്ച കിഴക്കന്‍ മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ ചടങ്ങിലാണു സുബോധ്, രാം കദമിനെതിരെ രൂക്ഷമായി സംസാരിച്ചത്. ‘നിയമസഭാംഗത്തിന്റെ വായില്‍നിന്നു വരേണ്ട വാക്കുകളായിരുന്നില്ല അദ്ദേഹത്തിന്റേത്. രാം കദമിന്റെ നാക്കരിയാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് ഞാന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലം തരാം’എന്ന് സുബോധ് പറഞ്ഞു. മുംബൈ ഘട്‌കോപറില്‍ നടന്ന ‘ദാഹി ഹാന്ദി’ എന്ന ചടങ്ങിനിടെയായിരുന്നു രാം കദം വിവാദ പ്രസ്താവന നടത്തിയത്. ‘യുവാക്കള്‍ക്ക് എന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. പെണ്‍കുട്ടികളെ കണ്ട് പ്രണയം തോന്നിയ പല യുവാക്കളും എന്നെ സമീപിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ 100 ശതമാനവും സഹായിക്കും.


നിങ്ങള്‍ മാതാപിതാക്കളെയും കൂട്ടി എന്റെ അടുത്ത് വരിക. മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കും. പെണ്‍കുട്ടിക്ക് താല്‍പര്യം ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു വന്ന് നിങ്ങള്‍ക്ക് ഞാന്‍ കൈമാറാം’- ഇതായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. യുവാക്കള്‍ക്ക് എം.എല്‍.എ തന്റെ മൊബൈല്‍ നമ്ബര്‍ നല്‍കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ഷൈന എന്‍.സി എം.എല്‍.എയുടെ നടപടി ശരിയായില്ലെന്നും കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ എം.എല്‍.എയുടെ മൊഴിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



Sharing is Caring