ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി


ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദ സഞ്ചാര മേഖലയില്‍ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കാം എന്ന ഭേദഗതി ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. കുട്ടികള്‍ക്ക് അനുകൂലമായ നയമല്ല കേന്ദ്രം പിന്തുടരുന്നത്. എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് കുട്ടികളുടെ ക്ഷേമത്തിനും അവകാശത്തിനും മുന്‍ഗണന നല്‍കുന്ന നയമാണുള്ളതെന്ന് പിണറായി വിജയന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. പൊതുവിദ്യഭ്യാസത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ കൂടുതലായി വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അതിനനുസൃതമായ മാറ്റം സ്‌കൂളില്‍ ഉണ്ടാകണം. കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ജാഗ്രത വേണമെന്നും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Sharing is Caring