ജനുവരി 6 ന് കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ദേശീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജനുവരി 6 ന് കേരളത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും. മോദി മോദി സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനും ജനവഞ്ചനയ്ക്കുമെതിരെയുമാണ് കോണ്‍ഗ്രസിന്റെ പ്രക്ഷോഭമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ജനുവരി 6 ന് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളാകും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യുക. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പിക്കറ്റിംഗ് സമരം നടത്തുക. ഡിസംബര്‍ 30 നുള്ളില്‍ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ സര്‍വ്വപ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്നുള്ള നരേന്ദ്രമോദിയുടെ വാഗ്ദാനം പാഴ്‌വാക്കായി മാറിയെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം തന്റെ സര്‍ക്കാര്‍ നടത്തിയ ജനദ്രോഹനടപടികളെ വെള്ളപൂശാനുള്ള വൃഥാശ്രമം മാത്രമാണെന്നും ജനങ്ങളുടെ ദുരിതം തുടരുകയാണെന്നും വി എം സുധീരന്‍ അറിയിച്ചു.


സബ്‌സീഡിയുള്ള പാചകവാതകത്തിനും വിമാന ഇന്ധനത്തിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.
അതിരൂക്ഷമായ വിലക്കയറ്റം മൂലം ഇപ്പോള്‍ തന്നെ പൊറുതിമുട്ടുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഏഴ് മാസത്തിനിടയില്‍ എട്ടാമത്തെ തവണയാണ് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. നോട്ട് പിന്‍വലിച്ചതിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കേല്‍ക്കുന്ന മറ്റൊരൂ ആഘാതമാണ് ഇത്. എത്രയും വേഗത്തില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ച ജനദ്രോഹനടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.



Sharing is Caring