ബാലപീഡനത്തിന് വധശിക്ഷ: പോക്‌സോ നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണെന്ന് കേന്ദ്രം


ന്യുഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ബാലപീഡനങ്ങള്‍ക്ക് അറുതി കാണാന്‍ കേന്ദ്രം ഒരുങ്ങൂന്നു. ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പോക്‌സോ നിയമത്തില്‍ ഭേദഗതിയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.


അടുത്തകാലത്തായി പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഇത്തരം പ്രതികള്‍ക്ക് തൂക്കുകയര്‍ നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധിയും ബി.ജെ.പി എം.പി ഹേമമാലിനിയും പരസ്യമായി രംഗത്തുവന്നിരുന്നു.


നിലവില്‍ പോക്‌സോ ആക്ടില്‍ വധശിക്ഷയ്ക്കുള്ള വ്യവസ്ഥകളില്ല. പകരം ജീവപര്യന്തം തടവുശിക്ഷയാണ് പറയുന്നത്. ഇത്തരം കേസുകളില്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ കര്‍ണാടക, മധ്യപ്രദേശ്, ഡല്‍ഹി നിയമസഭകള്‍ അടുത്തകാലത്ത് പാസാക്കിയിരുന്നു.



Sharing is Caring