ബാര്‍ കോഴ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി


ദില്ലി: കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്‍മാന്‍ നോബിള്‍ മാത്യുവാണ് പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് നോബിള്‍ മാത്യു.ബാര്‍ കോഴ കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ നോബിള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.


ജനുവരി 17 ന് ബാര്‍ കോഴ കേസ് പരിഗണിച്ച ഹൈക്കോടതി അന്വേഷണം അവസാനിപ്പിക്കാന്‍ 45 ദിവസത്തെ സമയം കൂടിയാണ് വിജിലന്‍സിന് നല്‍കിയിരിക്കുന്നത്. അന്വേഷണം നീണ്ടുപോകുന്നതിനെതിരെ മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരുന്നു 45 ദിവസത്തെ സമയം കൂടി അന്വേഷണത്തിനായി കോടതി നല്‍കിയത്.


അതിനിടെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിറ്റാണ് നല്‍കിയിരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാണിയെ കുറ്റവിമുക്തനാക്കുന്നതാണെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താചാനലുകള്‍ ചര്‍ച്ചകളും നടത്തി. തുടര്‍ന്ന് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ചോര്‍ന്നതില്‍ വിജിലന്‍സിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. വിവരം ചോര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണ വിവരങ്ങള്‍ പുറത്തുപോകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പ്രതികരിച്ചത്.



Sharing is Caring