കേരളം കഴിഞ്ഞാല്‍ ചെങ്കൊടി ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ ത്രിപുരയെ പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ത്രിപുരയില്‍ കൂടി ആവര്‍ത്തിച്ചാല്‍ ബി.ജെ.പിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഭീതിയിലാണ് കേന്ദ്ര നേതൃത്വം. എന്നും ചുവപ്പിനെ പിന്തുണച്ച ത്രിപുരക്കാരെ കാവി പുതപ്പിക്കാന്‍ മനം മയക്കുന്ന ഓഫറുകളാണ് ബി.ജെ.പിയുടെ പ്രകടന പത്രികയിലുള്ളത്.
എല്ലാ യുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍, എല്ലാവര്‍ക്കും വീട്, കുടിവെള്ളം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പള വര്‍ധനവ്, കേന്ദ്രത്തിന്റെ നിര്‍ലോഭ സഹായം എന്നിങ്ങനെ ഓഫര്‍ പട്ടികയില്‍ വാരിക്കോരി നല്‍കുന്നുണ്ട് . ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ പോലും തികച്ചില്ലാത്ത, സ്വന്തമായി വാഹനമടക്കമുള്ള സൗകര്യങ്ങളില്ലാത്ത ‘ ദരിദ്ര മുഖ്യമന്ത്രി’ എന്നറിയപ്പെടുന്ന മണിക്ക് സര്‍ക്കാരിന്‍റെ ഇരുപത് വര്‍ഷം നീണ്ട തുടര്‍ഭരണത്തിന് അന്ത്യം കുറിക്കുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേരെയുണ്ടാവുന്ന സ്വാഭാവിക ജനവിരുദ്ധ വികാരം അനുകൂലമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ത്രിപുരയില്‍ കോണ്‍ഗ്രസിന് വേണ്ടത്ര സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തതും അവസരമായി ബി.ജെ.പി കാണുന്നുണ്ട്.യുവാക്കള്‍ക്ക് സ്മാര്‍ട് ഫോണ്‍, മുഴുവന്‍പേര്‍ക്കും തൊഴില്‍ , സ്ത്രീകള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളേജ്, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 2,000 ആക്കി ഉയര്‍ത്തും. ഇങ്ങനെ മനം മയക്കുന്ന ഓഫറുകളാണ് 28 പേജുള്ള പ്രകടന പത്രികയിലുള്ളത്.














