ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് സ്വന്തം വൃക്ക വില്‍പനക്കുവെച്ച് കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ചത്തര്‍ സാലി ഗ്രാമത്തിലെ കര്‍ഷകനായ രാംകുമാറാണ് വൃക്ക വില്‍പനക്കുവെച്ചിരിക്കുകയാണെന്ന ബോര്‍ഡുകള്‍ വീടിന് മുന്നില്‍ സ്ഥാപിച്ചത്.
പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം പശുവളര്‍ത്തലിനാണ് രാം കുമാര്‍ വായ്പക്കായി അപേക്ഷിച്ചത്. എന്നാല്‍ വായ്പ നല്‍കാന്‍ പൊതുമേഖല ബാങ്കുകളൊന്നും തയാറായില്ല. ബന്ധുക്കളില്‍ നിന്ന് കടംവാങ്ങിയാണ് പശുക്കളെ വാങ്ങിയതും തൊഴുത്ത് നിര്‍മ്മിക്കുകയും ചെയ്തതെന്ന് രാംകുമാര്‍ പറയുന്നു. നല്‍കിയ പണവും പലിശയും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും രാം കുമാര്‍ പറഞ്ഞു.

ഈയൊരു സാഹചര്യത്തില്‍ വൃക്ക വില്‍ക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും രാം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം,വായ്പ നിഷേധിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്ന് ശഹാരന്‍പുര്‍ ഡിവിഷണല്‍ കമീഷണര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













