കൊല്‍ക്കത്ത ആര്‍ ജി കാര്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. രോഗികള്‍ക്ക് തെരുവില്‍ ചികിത്സ നല്‍കുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും.
അഭയ എന്ന പേരില്‍ സൗജന്യ ആരോഗ്യ ക്യാമ്പ് കൊല്‍ക്കത്തയിലെ ആറ് കേന്ദ്രങ്ങളിലായാണ് ഡോക്ടര്‍മാര്‍ സംഘടിപ്പിക്കുന്നത്. പുറത്തുവരുന്ന വിവരം അനുസരിച്ച് പശ്ചിമ ബംഗാളിലെ മുഴുവന്‍ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. നാളെ കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ റാലിക്കും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഇരുപത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനും ആശുപത്രി ജീവനക്കാര്‍ക്കും നുണ പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില്‍ സിബിഐക്ക് കൂടുതല്‍ വ്യക്തത ഇല്ല. അതിനിടെ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്.













