ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസുമായി മുന്നോട്ട് പോകാന്‍ തെളിവുകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് നിലപാട് അറിയിക്കട്ടെയെന്നാണ് ഹൈക്കോടതി നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.


കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും അതിനാല്‍തന്നെ കേസുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ജയരാജന്റെ ഭാര്യാസഹോദരിയും ലോക്‌സഭാംഗവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡിയായി നിയമിച്ചതാണു വിവാദത്തിനു വഴിവച്ചത്. കൂടുതല്‍ യോഗ്യതയുള്ള പലരും അപേക്ഷകരായി ഉണ്ടായിട്ടും സുധീര്‍നമ്പ്യാരെ നിയമിച്ചതില്‍ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നായിരുന്നു ആരോപണം.



Sharing is Caring