ഫ്‌ളിന്നിന്റെ രാജി ട്രംപിനു വിശ്വാസം നഷ്ടപ്പെട്ടതിനാല്‍


യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജി വച്ചത് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം ട്രംപിന് നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് വൈറ്റ്ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സറാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്.


ഫ്‌ളിന്‍ സ്വമേധയാ രാജിവച്ചതാണെന്ന വാദവുമായി ട്രംപിന്റെ ഉപദേശകരിലൊരാളായ കെല്ല്യണ്‍ കോണ്‍വേ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് സ്‌പെന്‍സര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്.


ട്രംപ് അധികാരത്തിലേറും മുന്‍പ് ഡിസംബറില്‍ ഫ്‌ളിന്‍ റഷ്യന്‍ സ്ഥാനപതിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ നിയമപ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ രാജിയിലേക്കു നയിച്ചതെന്ന വാദം സ്‌പെന്‍സര്‍ നിരാകരിച്ചു. റഷ്യയോട് മിതമായ നിലപാടായിരിക്കും ഫ്‌ളിന്‍ സ്വീകരിക്കുകയെന്ന് ട്രംപിനു നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെന്നും, ഇതും രാജി ആവശ്യയപ്പെടാന്‍ കാരണമായെന്ന് സ്‌പെന്‍സര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിന്നിന്റെ ഫോണ്‍ സംഭാഷണം ഉപയോഗിച്ച് റഷ്യ അമേരിക്കയെ ബ്ലാക്ക് മെയില്‍ ചെയ്‌തേക്കാമെന്ന് മുന്‍ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ വൈറ്റ്ഹൗസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, ഫോണിലൂടെ തങ്ങള്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി ഐ കിസ്ലെക് തള്ളിയിരുന്നു.



Sharing is Caring