ശശികലയെ ജയിലിലടച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, ബന്ധുവും കൂട്ടുപ്രതിയുമായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരെ പരപ്പന അഗ്രഹാര ജയിലിലടച്ചു.

ജയില്‍ വളപ്പില്‍ സജ്ജീകരിച്ച സിവില്‍ കോടതി മുറിയില്‍ പ്രത്യേക ജഡ്ജി അശ്വത് നാരായണിന്റെ മുന്നിലാണ് ശശികല കീഴടങ്ങിയത്. തുടര്‍ന്ന് ഇവരെ നിയമനടപടികള്‍ക്കും ആരോഗ്യപരിശോധനകള്‍ക്കും ശേഷം ജയിലിലേക്ക് മാറ്റുകയായിരുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജനും മുതിര്‍ന്ന നേതാക്കളും കോടതിയില്‍ എത്തിയിരുന്നു. എസിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സാധാരണ സെല്‍ തന്നെയാണ് അനുവദിച്ചത്. 10711 എന്നതാണ് ജയിലിലെ അവരുടെ നമ്പര്‍. ജയില്‍ വസ്ത്രമായ മൂന്ന് സാരികള്‍, ഒരു ബക്കറ്റ്, ഒരു മഗ് എന്നിവയും അനുവദിച്ചു.

പ്രമേഹരോഗിയായതിനാല്‍ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണവും 24 മണിക്കൂര്‍ ചൂടുവെള്ളവും ലഭ്യമാക്കണമെന്ന് ശശികല നേരത്തെ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മിനറല്‍ വാട്ടറും യൂറോപ്യന്‍ ശൈലിയിലുള്ള പ്രത്യേക ടോയ്‌ലറ്റും അനുവദിക്കണമെന്നും ജയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഭരണഘടനാപരമായ പദവികളൊന്നും വഹിക്കാത്തതിനാല്‍ ശശികല പ്രത്യേക സൗകര്യങ്ങള്‍ അര്‍ഹിക്കുന്നില്ല. 2014ല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കൊപ്പം ശശികല പരപ്പന അഗ്രഹാര ജയിലില്‍ 21 ദിവസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു.

ഇവരുടെ വരവ് പരിഗണിച്ച് അഗ്രഹാര ജയില്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയരുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുമുണ്ട്.
അതിനിടെ ജയില്‍ പരിസരത്ത് സംഘര്‍ഷവുമുണ്ടായി. ശശികലയ്ക്ക് വസ്ത്രവും മരുന്നുമായെത്തിയ വാഹനം ചിലര്‍ തകര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. പനീര്‍ശെല്‍വത്തിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *