ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും പുതിയതുമായ കത്തോലിക്കാ സമൂഹത്തെ കാണുന്നതിനായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച രാവിലെ മംഗോളിയയിലെത്തി. മംഗോളിയയുടെ രണ്ട് ശക്തരായ അയൽക്കാരായ റഷ്യയുമായും ചൈനയുമായും വത്തിക്കാന്റെ ബന്ധം വീണ്ടും വഷളായിരിക്കുന്ന സമയത്താണ് ആദ്യമായി ഒരു മാർപാപ്പ ഈ ഏഷ്യൻ രാജ്യം സന്ദർശിക്കുന്നത്.ചൈനീസ് വ്യോമാതിർത്തി കടന്നാണ് മംഗോളിയൻ തലസ്ഥാനമായ ഊളൻ ബതോറിൽ ഫ്രാൻസിസ് മാർപാപ്പ എത്തിയത്.
യാത്രാമധ്യേ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അദ്ദേഹം ആശംസാ സന്ദേശം അയക്കുകയും ചെയ്തു. വത്തിക്കാൻ പ്രോട്ടോകോൾ പ്രകാരം മാർപാപ്പ ഒരു വിദേശ രാജ്യത്തിന് മുകളിലൂടെ പറക്കുമ്പോഴെല്ലാം അത്തരം ആശംസാ സന്ദേശം അയക്കണം. ചൈനീസ് പ്രസിഡന്റിനും ജനങ്ങൾക്കും ക്ഷേമൈശ്വര്യങ്ങൾ നേരുന്നതായി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.














