ദ്യോക്കോവിച് ഭയപ്പെട്ടതും പണ്ഡിതര്‍ പ്രവചിച്ചതും സംഭവിച്ചിരിക്കുന്നു. ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക്ക് തീം നിലവിലെ ചാംപ്യന്‍ നൊവാക്ക് ദ്യോക്കോവിചിനെ അട്ടിമറിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെമി കാണാതെ റോളണ്ട് ഗാരോസില്‍ നിന്ന് സെര്‍ബിയന്‍ താരം മടങ്ങുന്നത്. ആദ്യ സെറ്റില്‍ മാത്രം ദ്യോക്കോവിച് പൊരുതി നിന്നപ്പോള്‍ രണ്ടും മൂന്നും സെറ്റില്‍ തീം ഉജ്ജ്വല പോരാട്ടം പുറത്തെടുത്ത് ദ്യോക്കോവിചിനെ നിലം തൊടാനനുവദിക്കാതെ വീഴ്ത്തി. മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞതുമില്ല. സ്‌കോര്‍: 7-6 (7-5), 6-0.
2005ല്‍ യു.എസ് ഓപണിലാണ് അവസാനമായി ദ്യോക്കോവിച് ഒരു സെറ്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ സാധിക്കാതെ തോല്‍വി വഴങ്ങിയത്. 12 വര്‍ഷത്തിന് ശേഷമാണ് ഒരു പോയിന്റ് പോലും നേടാന്‍ സാധിക്കാതെ ദ്യോക്കോ ഒരു സെറ്റ് അടിയറവ് വയ്ക്കുന്നത്. സീസണില്‍ കളിമണ്‍ കോര്‍ട്ടില്‍ മികച്ച ഫോം പ്രകടിപ്പിക്കുന്ന താരം ഫ്രഞ്ച് ഓപണിന് മുന്‍പ് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. ടൂര്‍ണമെന്റില്‍ കറുത്ത കുതിരയായി താരം മാറുമെന്ന പ്രവചനങ്ങളും വിദഗ്ധര്‍ മുന്നോട്ട് വച്ചിരുന്നു.
പത്താം കിരീടം ലക്ഷ്യമിടുന്ന സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരും സെമിയിലെത്തി.
ക്വാര്‍ട്ടറില്‍ നാട്ടുകാരന്‍ തന്നെയായ കരനൊ ബുസ്റ്റ പരുക്കിനെ തുടര്‍ന്ന് മത്സരം മുഴുമിപ്പിക്കാതെ പിന്‍മാറിയതിനെ തുടര്‍ന്ന് നദാലിന് സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചു. ആദ്യ സെറ്റ് 6-2ന് നേടുകയും രണ്ടാം സെറ്റില്‍ 2-0ത്തിന് മുന്നില്‍ നില്‍ക്കുകയും ചെയ്ത സമയത്താണ് ബുസ്റ്റ പിന്‍മാറിയത്. സെമിയില്‍ നദാലും തീമും തമ്മിലാണ് പോരാട്ടം.
കടുത്ത വെല്ലുവിളിയുയര്‍ത്തിയ ജപ്പാന്‍ താരം കെയ് നിഷികോരിയെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് മുറെ അവസാന നാലിലെത്തിയത്. ആദ്യ സെറ്റ് അടിയറവ് വച്ച മുറെ ശേഷിച്ച മൂന്ന് സെറ്റുകള്‍ പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 6-1, 7-6 (6-0), 6-1.
ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെതിരേ അനായാസ വിജയമാണ് വാവ്‌റിങ്ക നേടിയത്. സ്‌കോര്‍: 6-3, 6-3, 6-1.
വനിതാ സെമിയില്‍ ലാത്വിയന്‍ കൗമാരക്കാരി യെലേന ഒസ്റ്റപെന്‍കോ അട്ടിമറി തുടര്‍ന്നപ്പോള്‍ ക്വാര്‍ട്ടറില്‍ കരോലിന്‍ വോസ്‌നിയാക്കിക്ക് തോല്‍വി. സ്‌കോര്‍: 4-6, 6-2, 6-2. മറ്റു മത്സരങ്ങളില്‍ ബാസിന്‍സ്‌കി, സിമോണെ ഹാലെപ്, പ്ലിസ്‌കോവ എന്നിവരും സെമിയിലേക്ക് മുന്നേറി.
ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍ഷിയയെ വീഴ്ത്തിയാണ് പ്ലിസ്‌കോവ സെമിയിലേക്ക് കടന്നത്. സ്‌കോര്‍: 7-6 (7-3), 6-4. സ്വിറ്റോലിനെ വീഴ്ത്തിയാണ് സിമോണെ ഹാലെപിന്റെ മുന്നേറ്റം. സ്‌കോര്‍: 3-6, 7-6 (8-6), 6-0. മ്ലഡനോവിചിനെ പരാജയപ്പെടുത്തിയാണ് ബാസിന്‍സ്‌കി അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-4, 6-4.













