സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ലങ്കക്കെതിരേ


ചാംപ്യന്‍സ് ട്രോഫി സെമി ബര്‍ത്ത് ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങും. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. സംഗക്കാരയും ജയവര്‍ധനെയും വിരമിച്ച ശേഷം ലോക ക്രിക്കറ്റില്‍ മേല്‍വിലാസം തിരിച്ചുപിടിക്കാന്‍ പെടാപ്പാട് പെടുന്ന ശ്രീലങ്ക കരുത്തുറ്റ പോരാട്ടം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. യുവ താരങ്ങളുടെ ഊര്‍ജ്ജമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ലങ്കയ്ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും സഹായിക്കില്ല.
ഇന്ത്യക്ക് ഒട്ടും വേവലാതികളില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതത്വം നിലനിര്‍ത്തുന്നു. രണ്ട് സന്നാഹ മത്സരങ്ങളിലും ആദ്യ ലീഗ് മത്സരത്തിലും വിജയിച്ച ഇന്ത്യയുടെ പ്ലെയിങ് ഇലവനും പകരക്കാരുടെ നിരയും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ കളിച്ച 11 പേരെ നിലനിര്‍ത്തി തന്നെയാകും ഇന്ത്യ ഇന്നും കളിക്കാനിറങ്ങുക. പിച്ചിന്റെ സ്വഭാവം അനുസരിച്ച് മാറ്റം സംഭവിക്കുകയാണെങ്കില്‍ ഉമേഷ് യാദവിന് പകരം ആര്‍ അശ്വിന്‍ ടീമിലുള്‍പ്പെട്ടേയ്ക്കും. മറുഭാഗത്ത് ലങ്കന്‍ നിരയില്‍ കപുഗെദരയ്ക്ക് പകരം തിസാര പെരേര ഇറങ്ങിയേക്കും. സീക്കുഗെ പ്രസന്നയും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
ഇന്ത്യ സാധ്യതാ ടീം: കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത്, ധവാന്‍, യുവരാജ്, ഹര്‍ദിക്, ധോണി, കേദാര്‍ ജാദവ്, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ബുമ്‌റ.
ശ്രീലങ്ക സാധ്യതാ ടീം: മാത്യൂസ് (ക്യാപ്റ്റന്‍), ഡിക്ക്‌വെല്ല, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ചാന്‍ഡിമല്‍, ഗുണവര്‍ധനെ, തിസാര പെരേര, പ്രസന്ന, ലക്മല്‍, മലിംഗ, പ്രദീപ്.




Sharing is Caring