ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍


ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റിലായി. ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളില്‍ വീട്ടില്‍ ഷാജി തോമസ്(51)ആണ് അറസ്റ്റിലായത്. തിരുവല്ലാ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.


2014 ജൂലായിലാണ് യുവതിയെ പീഡിപ്പിച്ചത്. ഷാജി തോമസ് അന്ന് ബി.എസ്.എഫില്‍ ഹവില്‍ദാറായിരുന്നു. കാശ്മീരിലെ ലോഡ്ജില്‍ ഇയാള്‍ യുവതിക്കൊപ്പം നാലുദിവസം താമസിച്ചു. തിരികെ നാട്ടിലെത്തിയ യുവതി 20 ദിവസത്തിനുശേഷം തിരുവല്ലാ പോലീസില്‍ പരാതി നല്‍കി. കേസ് ഉള്ളതറിഞ്ഞ് ഷാജി സര്‍വീസില്‍നിന്ന് സ്വയംവിരമിച്ചു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ യുവതിക്ക് ഷാജിയെപ്പറ്റി അറിയില്ലായിരുന്നു. പോലീസ് ബി.എസ്.എഫിലേക്ക് കത്ത് അയച്ചെങ്കിലും ആദ്യഘട്ടത്തില്‍ പ്രയോജനമുണ്ടായില്ല. പിന്നീട് ഇയാളുടെ പെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി. എ.ടി.എമ്മിലെ ക്യാമറയില്‍ പതിഞ്ഞ ഇയാളുടെ ചിത്രം യുവതിയെ കാണിച്ച് പോലീസ് ഉറപ്പുവരുത്തി. തിങ്കളാഴ്ച ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച 30 വയസുകാരിയാണ് പരാതിക്കാരി.


ഫേസ്ബുക്കില്‍ ഷാജി അഡ്മിനായുള്ള സ്‌നേഹക്കൂട്ടായ്മ എന്ന ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതേഗ്രൂപ്പില്‍ പരിചയപ്പെട്ട മലപ്പുറം എടവണ്ണയിലെ 35 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഷാജി റിമാന്‍ഡിലായിരുന്നു. എടവണ്ണയിലെ യുവതിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പോലീസ് പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് പ്രതി കഴിഞ്ഞിരുന്നത്. തിരുവല്ല സി.ഐ. ടി.രാജപ്പന്‍, എസ്.ഐ. വിനോദ് കുമാര്‍, ട്രാഫിക് എസ്.ഐ. സലിമോന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.



Sharing is Caring