പ്ലസ്‌വണ്‍ ക്ലാസുകള്‍ 28 ന് തുടങ്ങും; അപേക്ഷകര്‍ 517409, സീറ്റുകള്‍ 294942


പ്രവേശന നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 28ലേക്ക് നീട്ടി. നേരത്തേ 13 ന് ക്ലാസുകള്‍ തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മെയ് മാസത്തില്‍ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നപടികള്‍ അവസാനിക്കാന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.


ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. 14 ജില്ലകളില്‍ നിന്നായി 517409 വിദ്യാര്‍ഥികള്‍ പൊതു വിഭാഗത്തില്‍ അപേക്ഷിച്ചപ്പോള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് 7171 വിദ്യാര്‍ഥികള്‍ അപേക്ഷകരായി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 83174 അപേക്ഷകളാണ് ഇവിടെ ലഭിച്ചത്. 50492 അപേക്ഷകള്‍ ലഭിച്ച് രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട് ജില്ലയേക്കാള്‍ 32265 അപേക്ഷകരാണ് മലപ്പുറത്ത് അധികമായുള്ളത്.
പാലക്കാട് 47920 ഉം തൃശൂരില്‍ 45455 ഉം അപേക്ഷകരുണ്ട്. എറണാകുളത്ത് 44227 ഉം തിരുവനന്തപുരത്ത് 42567 പേരും അപേക്ഷകരായി. വയനാട്(12581), ഇടുക്കി(15890), പത്തനംതിട്ട(17741), കാസര്‍കോട്(19850) ജില്ലകളില്‍ നിന്നാണ് കുറവ് അപേക്ഷകരുള്ളത്. മറ്റുജില്ലകളില്‍ ലഭിച്ച പ്ലസ് വണ്‍ അപേക്ഷകള്‍: കൊല്ലം(39088), ആലപ്പുഴ(31301 ), കോട്ടയം(27968), കണ്ണൂര്‍(38814)എന്നിങ്ങനെയാണ്.


ഏകജാലകം വഴി സയന്‍സ്, ഹുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി പ്ലസ് വണ്ണിന് 294942 മെറിറ്റ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതുകൂടാതെ 46626 മാനേജ്‌മെന്റ് ക്വാട്ടയും 25512 കമ്യൂണിറ്റി ക്വാട്ടയും 55830 അണ്‍ എയ്ഡഡ് സീറ്റുകളും സംസ്ഥാനത്തുണ്ട്. ഇതിലെല്ലാം പ്രവേശനം നടന്നാലും ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് മറ്റുവഴികള്‍ കണ്ടെത്തേണ്ടിവരും.

മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക സമയക്രമം നഷ്‌കര്‍ഷിച്ചിട്ടുണ്ട്. 20നാണ് ഇതിലേക്കുള്ള പ്രവേശനം ആരംഭിക്കുക. 27 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് സീറ്റുകള്‍ ഒഴിവു വരുന്ന പക്ഷം സപ്ലിമെന്ററി പ്രവേശനം ജൂലൈ ആറുമുതല്‍ 31 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി പാഠ്യവിഷയമുള്ള ഏതൊരു സ്‌കൂളിലേയും പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 28നു മുന്‍പ് ആരംഭിക്കുന്നത് വിലക്കിയിട്ടുണ്ട്. മുഖ്യഘട്ട അലോട്ട്‌മെന്റില്‍ സീറ്റുകള്‍ ഒഴിവുള്ള പക്ഷം സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. 27നാണ് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുക.



Sharing is Caring