പ്രേമത്തിന്റെ വ്യാജ പതിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍


അരീക്കോട്: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് വിറ്റ മൂന്നു പേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശീകളാണ് അറസ്റ്റിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ പിടികൂടിയത്. പ്രേമത്തിന്റെ വ്യാജ സിഡികള്‍ വില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറത്തു വ്യാപക റെയ്ഡാണു പോലീസ് നടത്തുന്നത്.


സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്കോടു കൂടി ചിത്രത്തിന്റെ കോപ്പികള്‍ പ്രചരിച്ചിട്ടും, സിനിമാ സംഘടനകള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ് രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് വ്യാജ കോപ്പികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്.


അന്‍വറിന്റെ രാജിക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍, വിനയന്‍, ഇന്നസെന്റ് തുടങ്ങിയവരും നിര്‍മാതാവിന് പിന്തുണയുമായി സിനിമയില്‍ നിന്നും രംഗത്തെത്തിയിട്ടുണ്ട്. നിവിന്‍ പോളി നായകനായ, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്



Sharing is Caring