നടി ഹേമമാലിനിയുടെ കാറിടിച്ച് ഒരു കുട്ടിമരിച്ചു: ഡ്രൈവറെ അറസ്റ്റ് ചെയ്തു


ജയ്പുര്‍: നടിയും എം പി യുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഒരു കുട്ടി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഹേമമാലിനിയുടെ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയെ മറന്ന് ഹേമമാലിനിക്ക് അമിത പ്രധാന്യം നല്‍കുന്നുവെന്ന ആരോപണവുമായി സോഷ്യല്‍മീഡിയയിലും മറ്റും കടുത്ത പ്രതിഷേധമുയര്‍ന്നു.


ഹേമമാലിനി സഞ്ചരിച്ച ബെന്‍സ് കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. അമിതവേഗത്തിലെത്തിയ ബെന്‍സ് കാര്‍ ആള്‍ട്ടോയിലിടിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ആള്‍ട്ടോ കാറിലുണ്ടായിരുന്ന സോനം എന്ന കുട്ടിയാണ് മരിച്ചത്. ഈ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും കാര്യമായ പരിക്കുണ്ട്. സവായ് മാന്‍സിങ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.


പരിക്കേറ്റ നിലയില്‍ ജയ്പുരിലെ ഫോര്‍ട്ടിസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹേമമാലിനി സുഖംപ്രാപിച്ചുവരുന്നു. നെറ്റിക്കു മുകളിലായും മൂക്കിലുമാണ് ഹേമമാലിനിക്കു പരിക്കേറ്റത്. നെറ്റിയില്‍ നാല് സ്റ്റിച്ച് വേണ്ടിവന്നു.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. മഥുരയില്‍നിന്ന് ജയ്പുരിലേക്കു പോവുകയായിരുന്ന ഹേമമാലിനി. മഥുരയില്‍നിന്നുള്ള ബി ജെ പി യുടെ ലോക്‌സഭാംഗമാണ് ഹേമമാലിനി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.



Sharing is Caring