പ്രേമം പൈറസി: എ ക്ലാസ് തിയേറ്ററുകളും അടച്ചിടും


കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തിേയറ്ററുകള്‍ ഇന്നും നാളെയും അടച്ചിടും. സിനിമകളുടെ വ്യാജപ്പതിപ്പുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച തിയേറ്ററുകള്‍ അടച്ചിട്ട ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകള്‍ പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം കൂടി അടച്ചിടുന്നത്. ഇതോടെ തെലുങ്ക് സിനിമ ‘ബാഹുബലി’യുടെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിലായി.


‘ബാഹുബലി’ പ്രദര്‍ശിപ്പിച്ചുകൊണ്ട് വൈഡ് റിലീസ് നടപ്പാക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നു. ബി ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു ഇത്.


പക്ഷേ ‘പ്രേമം’ വിവാദം മറയാക്കി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതോടെ ഫലത്തില്‍ വൈഡ് റിലീസ് ഒരിക്കല്‍ക്കൂടി അട്ടിമറിക്കപ്പെടുകയാണ്. എന്നാല്‍ ‘ബാഹുബലി’ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മാതാക്കളും വിതരണക്കാരും.



Sharing is Caring