പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ എത്യോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


അഡിസ് അബാബ: പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ എത്യോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയ്ലിമറിയം ഡെസലെഗന്‍ രാജി പ്രഖ്യാപനം നടത്തിയത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഹെയ്ലിമറിയത്തിന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിതല യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന തെരുവ് പ്രക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. രാജ്യത്ത് സമാധാനവും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് തന്റെ രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഹെയ്ലിമറിയത്തിന് പകരം ആരാകും പ്രധാനമന്ത്രി പദത്തിലെത്തുക എന്നതിന് തീരുമാനമായിട്ടില്ല.


കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നിരവധി പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. 2015-16 വര്‍ഷങ്ങളിലായി 800 ഓളം പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും വിചാരണ കൂടാതെ തന്നെ ആയിരക്കണക്കിന് പേര്‍ ജയിലിലാകുകയും ചെയ്തിരുന്നു. ജയിലിലായിരുന്ന പ്രതിപക്ഷ നേതാവടക്കം നൂറുകണക്കിന് ആളുകളെ മോചിപ്പിച്ചിട്ടും പ്രതിഷേധത്തിന് അയവുണ്ടായില്ല. എത്യോപ്യയില്‍ കഴിഞ്ഞ വര്‍ഷവും 10 മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



Sharing is Caring