പ്രതീഷ് ചാക്കോയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും


നടിയെ ആക്രമിച്ച കേസില്‍, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.


നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്ന് പോലീസിന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.


സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനി ഫെബ്രുവരി 23ന് മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16, 19 ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത് കേസില്‍ കുറ്റവാളിയാക്കാനാണെന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രതീഷ് ചാക്കോ ഹര്‍ജി നല്‍കിയത്.



Sharing is Caring