പൊലീസിനെ ശകാരിച്ച് മുഖ്യമന്ത്രി; ‘പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം


പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന് ശകാരവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.


പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍, സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പൊലീസും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പൊലീസ് മുന്‍ഗണന നല്‍കേണ്ടത്. പൊലീസുകാരേയും ക്യാമ്പ് ഫോളോവര്‍മാരേയും ഒപ്പം നിറുത്തണം. എന്നാല്‍, ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കണം.- മുഖ്യമന്ത്രി വ്യക്തമാക്കി.


പൊലീസിലെ ദാസ്യപ്പണി വിവാദം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതിനാലാണ് സേനയുടെ ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. എസ്പി മുതല്‍ മുകളില്‍ റാങ്കുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൊലീസ് ആസ്ഥാനത്തായിരുന്നു യോഗം.



Sharing is Caring