പുറത്തിറങ്ങിയ ആദ്യം ദിനം തന്നെ പി. ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രകാശ് ജാവദേക്കര്‍


ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ആദ്യ ദിവസം തന്നെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേസിനെക്കുറിച്ച്‌ സംസാരിക്കരുതെന്ന് പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അഴിമതി ചെയ്തുവെന്ന കേസാണ് പി. ചിദംബരത്തിനെതിരെയുള്ളത്.


എന്നാല്‍ താന്‍ നിരപരാധിയാണെന്ന തരത്തില്‍ അദ്ദേഹം തന്നെ പരാമര്‍ശം നടത്തുകയാണ്. ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന് പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ പി. ചിദംബരം ബുധനാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.


കശ്മീരില്‍ സ്വാതന്ത്ര്യമില്ലെന്ന ചിദംബരത്തിന്റെ പരാമര്‍ശത്തെയും ജാവദേക്കര്‍ വിമര്‍ശിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് സ്വാതന്ത്ര്യം ഇല്ലായിരുന്നു. അന്ന് മാധ്യമ സ്വാതന്ത്ര്യം വിലക്കുകയും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കാന്‍ സാധിക്കുന്നു. കശ്മീരില്‍ എവിടെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാം. കശ്മീര്‍ വികസനത്തിന്റെ പാതയിലാണെന്നും ജാവദേക്കര്‍ പറഞ്ഞു.



Sharing is Caring