ന്യൂഡല്‍ഹി: സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. പുരുഷന്റെ വിവാഹപ്രായം സ്ത്രീകളുടേതു പോലെ 18 ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും.
നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹപ്രായം. നിയമഭേദഗതിയില്‍ ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും ആലോചനയുണ്ട്. 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.

ശൈശവ വിവാഹങ്ങള്‍ നിയമ വിരുദ്ധമാണെങ്കിലും ഇരു കക്ഷികള്‍ക്കും വിവാഹ പ്രായമെത്തുമ്ബോള്‍ വിവാഹം നിയമവിധേയമാക്കാം എന്ന വ്യവസ്ഥ എടുത്തു കളഞ്ഞേക്കും. ഇതു സംബന്ധിച്ച മൂന്നാം വകുപ്പില്‍ മാറ്റം വരുത്താനാണ് തീരുമാനം.












