പുനലൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി സഞ്ജയ് ഖാന്‍ മത്സരത്തില്‍ നിന്ന് പിന്മാറി


പുനലൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി സഞ്ജയ് ഖാന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. കെ സി വേണുഗോപാല്‍ നേരിട്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് സഞ്ജയ് ഖാന്റെ ഈ പിന്മാറ്റം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ് ഖാന്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ പത്രിക സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തനിക്ക് ഒന്ന് കാണണമെന്ന് കെ സി വേണുഗോപാല്‍ സഞ്ജയ് ഖാനോട് ആവശ്യപ്പെടുകയും ഇതുപ്രകാരം ഇരുവരും കൂടിക്കാഴ്ച നടത്തുകയുമായിരുന്നു. കുടുംബത്തെപ്പോലെയാണ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നതെന്ന് സഞ്ജയ് കെ സി വേണുഗോപാലിനോട് പറഞ്ഞു. പുനലൂര്‍ സീറ്റ് ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് മത്സരിക്കാന്‍ തീരുമാനിച്ചത്.


ലീഗ് സ്ഥാനാര്‍ഥിയ്‌ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മറ്റൊരു വിമതന്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ ഇന്നലെ പിന്മാറിയിരുന്നു.പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിയായി നൗഷാദ് യൂനുസാണ് മത്സരിക്കുന്നത്. ഇന്നലെവരെ പ്രചാരണം ലീഗ് – കോണ്‍ഗ്രസ് എന്ന രണ്ട് തലത്തില്‍ നിന്നായിരുന്നെങ്കില്‍ ഇന്നത് ടീം യു ഡി എഫ് ആയി മാറി. മുന്നണി ധാരണകള്‍ പാലിക്കണമെന്ന കെപിസിസി നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അയഞ്ഞത്.




Sharing is Caring