പുതിയ സിബിഐ ഡയറക്‌ടറെ തീരുമാനിക്കാനുള്ള ഉന്നതതല സമിതി യോഗം ഇന്ന്


പുതിയ സിബിഐ ഡയറക്‌ടറെ തീരുമാനിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്‌. അതേസമയം അലോക‌്‌വര്‍മയെ നീക്കി താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വരറാവുവിനെ നിയമിച്ച നടപടി ചോദ്യംചെയ‌്തുള്ള പൊതുതാല്‍പ്പര്യഹര്‍ജികളും കോടതി ഇന്ന്‌ പരിണിക്കും.


പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികള്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇതിനായി 12 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര അഭ്യന്തര മന്ത്രാലയം തയ്യാറാക്കുകയും ചെയ്‌തു. ഇതില്‍ മൂന്ന് പേരുടെ പട്ടികയാണ് ഇന്ന് ഉന്നതതല സമിതി പരിഗണിക്കുക. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡിയുടെ പേരാണ് സാധ്യത പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്നത്. ഗുജറാത്ത് വംശഹത്യ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്ന വൈ സി മോഡിയോടാണ്‌ പ്രധാനമന്ത്രിക്ക്‌ താല്‍പര്യം.


യോഗത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും എടുക്കുന്ന നിലപാട് നിര്‍ണായകമാകും.അലോക് വര്‍മയേ പുറത്താക്കാന്‍ തീരുമാനിച്ച സമിതി യോഗത്തില്‍ ഖാര്‍ഗെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതലസമിതി യോഗത്തിന‌് ദിവസങ്ങള്‍ ശേഷിക്കെ സിബിഐയില്‍ കൂട്ടസ്ഥലംമാറ്റം നടത്തിയിരുന്നു. 2ജി കുംഭകോണം അന്വേഷിച്ചിരുന്ന വിവേക‌് പ്രിയദര്‍ശിനി ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥരെയാണ‌് താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വരാറാവു സ്ഥലംമാറ്റിയത‌്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ വുണ്ടും പുറത്താക്കുകയാരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത്. അലോക് വര്‍മയെ മാറ്റിയ അര്‍ധരാത്രിതന്നെ പുതിയ മേധാവി ചുമതലയേറ്റിരുന്നു. സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് പുരുതായി അവരോധിച്ചത്. ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്‌തു.



Sharing is Caring