പിയു ചിത്ര ഒഴിവാക്കപ്പെട്ടതില്‍ പിടി ഉഷയ്‌ക്കെതിരെ പ്രതിഷേധം; പിടി ഉഷ റോഡ്, പിയു ചിത്ര റോഡാക്കി മാറ്റി


പിയു ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഏറെ പഴി കേട്ട പിടി ഉഷയ്‌ക്കെതിരെ പ്രതിഷേധം അണയുന്നില്ല. കൊച്ചിയിലുള്ള പിടി ഉഷ റോഡിന്റെ പേര്, പിയു ചിത്ര റോഡാക്കിയാണ് ഇപ്പോഴത്തെ പ്രതിഷേധം.


ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് മഹാരാജാസ് കോളേജിനു മുന്നിലൂടെ പോകുന്ന റോഡിനാണ് പിടി ഉഷയുടെ പേരുള്ളത്. ഈ റോഡാണ് പ്രതിഷേധത്തിന്റെ ഭാഗമായി പിയു ചിത്ര റോഡ് എന്നാക്കി പുനര്‍നാമകരണം ചെയ്തത്. പിയു ചിത്ര റോഡ് എന്ന് എഴുതിയ ബോര്‍ഡും ഇവിടെ സ്ഥാപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.


ലോക അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്പില്‍ നിന്നും പിയു ചിത്ര ഒഴിവാക്കപ്പെട്ടതിന് കാരണം പിടി ഉഷയാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ കുറ്റപ്പെടുത്തിയിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള താരങ്ങളെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലായിരുന്നുവെന്നായിരുന്നു പിടി ഉഷയുടെ വാദം.



Sharing is Caring