ചാരവൃത്തിക്ക് അറസ്റ്റിലായ പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ഭീകരാക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസമാണ് ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെയും തീരമേഖലകളിലെയും മുന്‍കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും അക്തര്‍ ശേഖരിച്ചു. 2008ല്‍ മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കറാച്ചിയില്‍ നിന്ന് ഭാരതത്തിലെത്തിയത് കടല്‍മാര്‍ഗ്ഗമായിരുന്നു.
കടലിലൂടെ ഭീകരരെ അയച്ച് മുംബൈ മാതൃകയില്‍ ഭീകരാക്രമണത്തിന് പാക്ക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. അക്തറിന്റെ പ്രവര്‍ത്തനം ഇത് ശരിവെക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.














